പത്തനംതിട്ട: നിർദിഷ്ട ശബരി വിമാനത്താവളത്തിന് കൊടുമണ്ണിൽ അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് ട്രഷററും ഷാർജ സാന്ത്വനം സാംസ്കാരിക സമിതി പ്രസിഡന്റുമായ പി. കെ. റെജി പത്രസമ്മേളനത്തിൽ പറഞ്ഞു. എരുമേലിക്ക് ചുറ്റും വനപ്രദേശം ആയതിനാൽ വിമാനത്താവളത്തിന്റെയും നാടിന്റെയും വികസനം അസാധ്യമാണ്.
എന്നാൽ, കൊടുമണ്ണിനു ചുറ്റും വികസിച്ചു വരുന്ന ചെറുപട്ടണങ്ങൾ എന്നും മുതൽകൂട്ടാണ്. ഇതിന്റെ പ്രയോജനം ശബരിമല, പത്തനംതിട്ട, റാന്നി, അടൂർ, പത്തനാപുരം, കോഴഞ്ചേരി, തിരുവല്ല, പുനലൂർ, കോട്ടയം, ചങ്ങനാശേരി, കായംകുളം, കൊട്ടാരക്കര എന്നീ പ്രദേശങ്ങൾക്കും ലഭിക്കും.
വിമാനത്താവളം സ്ഥാപിക്കാൻ ആവശ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. ഭൂമിയുടെ ഇരു വശവും ദേശീയ പാത, ഒരു വശം സംസ്ഥാന പാത, ആവശ്യമായ ജല സ്രോതസ്, 20 കിലോമീറ്റർ ചുറ്റളവിൽ നാല് മെഡിക്കൽ കോളജ്, പത്തിലധികം വലിയ ആശുപത്രികൾ എന്നിവയുണ്ട്. കൊടുമണ്ണിൽ നിന്നും പമ്പയിലേക്കുള്ള ദൂരം 51 കിലോമീറ്റർ മാത്രമാണ്.
എരുമേലി പശ്ചിമഘട്ടത്തിൽ വരുന്ന എക്കോ സെൻസിറ്റീവ് മേഖലയിൽ വരുന്ന പ്രദേശമാണ്. ഒരു വീട് പോലും വയ്ക്കാൻ അനുയോജ്യമല്ലാത്ത അത്രയും സുതാര്യമായ ഭൂപ്രകൃതിയുള്ള സ്ഥലമാണ് എരുമേലി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശവുമാണ്. കൂടാതെ പരിസ്ഥിതി ലോല പ്രദേശമാണ്. എരുമേലിയിൽ അടിസ്ഥാന വികസനത്തിനു വേണ്ട അത്രയും ചെലവ് മാത്രം മതി കൊടുമണ്ണിൽ സന്പൂർണ എയർപോർട്ട് സ്ഥാപിക്കാൻ വേണ്ടിവരിക.
സിയാൽ മാതൃകയിൽ കമ്പനി സ്ഥാപിച്ചാൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ എയർപോർട്ട് യാഥാർഥ്യമാക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കൊടുമൺ എയർപോർട്ട് ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. വർഗീസ് പേരയിൽ , വൈസ് പ്രസിഡന്റ് ജോൺസൻ കുളത്തുംകരോട്ട്, ടി. തുളസീധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.